2012, ഒക്‌ടോബർ 23, ചൊവ്വാഴ്ച

കരിയുഗം


വിറയലോടെ ചെരുവിറങ്ങും
അരുവി വിറ്റ പുതുയുഗം
പെരിയൊരാറു ചെറു വിലയ്ക്കു
ഊറ്റി വിറ്റ നവയുഗം

തലമുറയ്ക്ക് തിര കൊടുത്ത
തരികള്‍ വിറ്റ കരിയുഗം
അര മുറുക്കി തുണിയുടുത്ത
ചരടു വിറ്റ ജനയുഗം

ചര്‍ക്ക വിട്ട് വൃക്ക വിറ്റ്
കടമടച്ച തീയുഗം


ചുര നിലച്ച് ചുരമിറങ്ങി
ചൂരുവന്ന ഉരുവിനെ
തെറി പറഞ്ഞ് തൊലിയുരിഞ്ഞു
തൂക്കി വിറ്റ തറയുഗം

ലോകമാകെ വിവരമേകി
നീലമായ ചാനലില്‍
തൂങ്ങി നിന്ന് തൂമ്പടഞ്ഞ്
വാടിടുന്ന യുവതയെ
താങ്ങിനിന്ന് തോളൊടിഞ്ഞ
കേളി കേട്ട കേരളം

കുത്തഴിഞ്ഞ് കുത്തുപാള
ഏറ്റി വിറ്റ പൊളിയുഗം

പൈതൃകം പറഞ്ഞുറഞ്ഞ
പതിത പാത വിട്ടൊലിച്ച
കണ്ണുനീര് കോരിവെച്ചെ-
രിച്ച നീരില്‍ വെച്ചിടാന്‍
ഉരിയരിക്ക് സിര മുറിച്ച്
ചോര വിറ്റ കലിയുഗം
പൊലിയ പൊലിയ
……പുതുയുഗം……

(പുതു നൂറ്റാണ്ടിനെ വരവേറ്റുകൊണ്ട് 2000-ാമാണ്ട് അവസാനത്തില്‍ എഴുതിയത്)