2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

വയല്‍

'കവിതാ സംഗമം' മാസികയില്‍ പ്രസിദ്ധീകരിച്ചത്


കാണായ വയലെല്ലാം
കാടായിരുന്നു പോല്‍
കടുവയും കരടിയും
മേഞ്ഞിരുന്നൂ......
    അട്ട, കാട്ടാനയും
    അണ്ണാനും ആമയും
    അരുമായ് ഒരുമയില്‍
    മേഞ്ഞിരുന്നൂ.......
എന്റെ പിതാക്കന്മാര്‍
പുണ്യ പിതാക്കന്മാര്‍
കൂലിയില്ലാ കാലം
കൂറുമില്ലാ കാലം
കൂച്ചുവിലങ്ങിലും
ചാട്ടവാറടിയേറ്റ്
കൂടിക്കിളച്ചതാ-
ണീ വയല്‍ നെല്‍വയല്‍
    ആ
    കൂറ്റന്‍ ചിറകളും
    കൂടും കുളങ്ങളും-കോള്‍വയല്‍ കോല്‍ക്കിണര്‍
    കോള്‍മയിര്‍ കൊള്ളിക്കും
    കൊത്തളങ്ങള്‍
    കൂടിക്കിളച്ചതാ-
    ണീക്കളങ്ങള്‍

കാണായ വയലെല്ലാം
മണ്ണു നികത്തുന്നു
കല്ലു നിരത്തുന്നു കശ്മലന്മാര്‍
കന്മതില്‍ കെട്ടുന്നു
കന്മാടം തീര്‍ക്കുന്നു
കാശുകാര്‍,വാശിക്കാര്‍,കൗശലക്കാര്‍
    ഈ
    മണ്ണിന്റെ മക്കളെ
    മജ്ജയും മാംസവും
    ചിന്തിയ ചോരയും
    ചീയിച്ചു ചാലിച്ച
    ചേറാണീപ്പാടത്തെ
    ചേരുവകള്‍.....
"ചേതമുള്ളാരുണ്ടീ
ചേറു കാക്കാന്‍
ഈ ചേറിന്റെ
മക്കളെ ചോറു കാക്കാന്‍"
 

    നാളെയീ വയലെല്ലാം
    കരയാക്കി കടയാക്കി
    തെരുവായിത്തീരുമ്പോള്‍
    കലിയാലീ കരയെല്ലാം
    കടല്‍ മുക്കും പോല്‍
    മലയാളക്കരയാകെത്തിരയാലെ
    കടല്‍ നക്കും പോല്‍
    മലയാളക്കരയാകെ
    കളിപോലെ കടല്‍ നക്കും പോല്‍......

അന്ന്
വരുമെന്‍ പിതാക്കന്മാര്‍
മഴുവെറിയാന്‍
മഴുവാലെ മലയാള
ക്കരയുണ്ടാക്കാന്‍
വീണ്ടും
വരുമെന്‍ പിതാക്കന്മാര്‍
മണ്ണു മാന്താന്‍
മണ്ണില്‍ പുളയുവാന്‍
പുതയുവാന്‍
വിളവിറക്കാന്‍
വീണ്ടും വരുമെന്‍ പിതാക്കന്മാര്‍
മണ്ണുമാന്താന്‍ മണ്ണില്‍ പുളയുവാന്‍

പുതയുവാന്‍
വിളവെടുക്കാന്‍
              ........



2011, ജൂൺ 7, ചൊവ്വാഴ്ച

ചേക്കേറല്‍

ബാല്യം പോയ ബാലകൃഷ്ണന്‍
ആയില്യം
കര്‍ക്കടക്കൂറ്
സര്‍ക്കാര്‍ ചോറ്
പാര്‍ക്കാന്‍ വാര്‍പ്പ്
കണ്ണീര്‍ വാര്‍പ്പ്

എന്താ പണി?
പണം പറ്റുന്നു
മക്കളെ പാടത്തിറക്കാതിരിപ്പാന്‍
പണിപ്പെടുന്നു
പണയപ്പെടുന്നു

ചേറും ചെളിയുമില്ലാത്ത
നിരന്ന ലോകം സ്വപ്നം കണ്ട്
വയലും വരമ്പുമില്ലാത്ത
ഇരമ്പും നഗരത്തിലേക്ക്
ചേക്കേറിയതിനാല്‍
നേരും നെറിയും മാറിപ്പോയ
ഭൂമിയിലെ പീഢിതയെ
ചൊവ്വയില്‍ കണ്ടെത്തിയ
ചാനല്‍ കണ്ടെത്തി
മലര്‍ന്നു......

വിലക്കയറ്റത്തിന്റെ തലക്കനം
വട്ടി കൂട്ടിപ്പെരുക്കലായ്
അട്ടമേറി കുരുക്കിലായ്

അല്ലാ!
വിലക്കയറ്റത്തിനെതിരെ
വീമ്പിളക്കാന്‍
എനിക്കെന്തധികാരം?
വിതയ്ക്കുന്നില്ലാ;കൊയ്യുന്നില്ലാ
വിളമ്പിയാല്‍ ചെന്നിരിക്കും
കൈക്കരുത്തും മനക്കരുത്തും
കൈമോശം വന്നവന്‍

വിത്ത് മുളപ്പിക്കും വിദ്യ
പഠിപ്പിച്ചില്ല ഞാന്‍
മക്കളെ..........
വളരുമ്പോള്‍ അവരെന്നെ
പഠിപ്പിക്കും
വിദ്യകള്‍

അടുത്ത മിസ്ഡ്കാള്‍
വരുംമുമ്പിറങ്ങട്ടെ
ഓഫര്‍ തീരും മുമ്പ്
വാങ്ങണം കൂപ്പണൊന്ന്
...........






2011, മേയ് 21, ശനിയാഴ്‌ച

ചാലിയാര്‍ കവിതകള്‍ (ഏഴും എട്ടും)



ഏഴ്
മാറാത്തൊരീശീല

മാറാപ്പു മാറ്റാന്‍
മാറത്തു സൗഗന്ധ
മാറാപ്പൂവേന്തി
കാലം കഴിഞ്ഞിട്ടും
കണ്ണീരൊഴുക്കീ
നാടിന്റെ,യാറിന്റെ
ക്ഷേമത്തിന്നായി
തന്‍ റൂഹ് റഹ്മത്ത്
ബലി നല്‍കി റഹ്മാന്‍
എട്ട്

മാറാത്തൊരാചാര
മാറാപ്പുപേറി
മാറാത്തൊരു പിടി-
ച്ചാരവും പേറി
കാലം കലക്കുന്ന
കണ്ണീര്‍ക്കയത്തില്‍
കാടിന്റെ,കാലന്റെ
മോക്ഷത്തിനായി
കാക്കക്കുളിയാലെ
ബലിയിട്ടു ബേപ്പൂര്‍.
      .......... 

2011, മേയ് 18, ബുധനാഴ്‌ച

ചാലിയാര്‍ കവിതകള്‍ (ആറ്)

ചാലിയാര്‍
ചരമത്തിന്‍
ചതിവോര്‍ത്തി-
ട്ടെന്തോ
മാറത്തടിച്ചില്ല
മാലോകരാരും
മാലോകരക്കാരെ
മാറാത്ത മാലോ
മേലേ കരക്കാരെ
മാറത്തു കല്ലോ?
മാറാത്തൊരാച്ചോര
മാറാപ്പു പേറി
മാറാത്തൊരാമര-
ആപ്പൂരി മാറ്റീ
മാറാത്താ വാനരന്‍
വാലു കുടുക്കി......
കായം കലക്കുന്നൊ-
രീ കക്കയത്തില്‍
കാലന്‍ കലക്കുന്ന
കണ്ണീരിനുപ്പിന്‍
കപ്പം പിരിക്കുന്നു
ബലിയാടു മാവൂര്‍. 

2011, മേയ് 13, വെള്ളിയാഴ്‌ച

ചാലിയാര്‍ കവിതകള്‍ (അഞ്ച്)

വെച്ചൂരി
പ്പേരുള്ള
ആറു കറക്കും
പയ്യിന്റെ, പേറ്റന്റ്
കയറോടെ വിറ്റൂ.
ഗോമൂത്ര ഗന്ധമേ-
റ്റര്‍ക്കന്‍ പടിഞ്ഞാറ്
പാര്‍ലറില്‍ പോയി
കരിക്കുമാന്തി
മണലൂറ്റു
തൊഴിലാളി
തൊഴില്‍ തേടി
തൊഴിമേടിച്ചാടി
ചെളിമാന്തിപ്പാടീ
''ഗാട്ടിലേക്കച്ച്യൂതാ
കേറല്ലേ, ബസുമതി
പ്പാടത്തെ റവറിന്റെ
പാലെടുക്കാം....''
പാട്ടു നിലച്ചപ്പോള്‍
പാടം നികന്നപ്പോള്‍
ശേഷിച്ചതീവാഴ
ക്കാടു മാത്രം?
........... 

2011, മേയ് 10, ചൊവ്വാഴ്ച

ചാലിയാര്‍ കവിതകള്‍ (നാല്)

ചാലിയാര്‍
ചാലിട്ടു
ചാവേറു
വന്നു.
പാണ്ടിയാര്‍
പാണ്ടായി
പാണ്ടിക്കാര്‍
വന്നൂ.
പാട്ടില്ല
പത്തായം
പൊത്തായി-
പ്പോയി.
പാങ്ങില്ലാ
പഞ്ഞന്റെ
പണ്ടത്തെ
പ്പാട്ട്.
മലമണ്ട
ക്ഷുരകന്റെ
മതിതീരാ
പ്പാട്ട്.
''കാട്ടിലെത്തടി
ഐലസ്സാ......
തേവരെയാന
ഐലസ്സ...
വലിയെട വലിവലി
ഐലസ്സ...''
പാട്ടു കഴിഞ്ഞപ്പോള്‍
പാട്ടം കൊടുത്തപ്പോള്‍
ശേഷിച്ചിളമര
ക്കെട്ടുമാത്രം
............. 

2011, മേയ് 1, ഞായറാഴ്‌ച

ചാലിയാര്‍ കവിതകള്‍ (മൂന്ന്)

അരചന്മാര്‍
അരുനിന്നു
അരുളിത്ത-
ന്നിളവ്.
മുള നുള്ളി
വിളയിച്ച
ഉളിരാകും
തൊഴില്.
ചുടുചോര
കൊതിമൂത്ത
കൊതുകൂതി
കൊഴല്.
റോമാക്ക-
രോര്‍മിപ്പോ
നീറോവിന്‍
അഴല്.
പെരിയോനാ-
ണിര വേണ്ട
ഇമ പൂട്ടി
അരചന്‍ .
............

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

ചാലിയാര്‍ കവിതകള്‍

(രണ്ട്‌) 


മീനുകള്‍
മിഴിതുള്ളി
മാളത്തില്‍
തങ്ങി.
വിലകെട്ടു
വലപൊട്ടി
വിലപിച്ചു
താങ്ങി.
അരയന്മാര്‍
അരകെട്ടി
അമരത്തില്‍
തൂങ്ങി.
അലിവുള്ള
അലമാല
അലറാതെ
തേങ്ങി.
===== 

2011, ഏപ്രിൽ 19, ചൊവ്വാഴ്ച

ചാലിയാര്‍ കവിതകള്‍

(ഒന്ന്) 


ചാലിയാര്‍
ചാലായി
ചങ്ങാടം
നിന്നു.
തേക്കില്ല
തേവന്റെ
തേവാരം
നിന്നു.
തോക്കില്ല
തെക്കന്റെ
തേരോട്ടം
നിന്നു.
തേക്കില്ല
പുഞ്ചയ്ക്ക്
തേവുന്നൂ
നഞ്ച്.
മാവൂരില്‍
മുളയും മര
മാവൂറും
നഞ്ച്.
ചലമായി
ചാലിട്ട
ചെലവില്ലാ
നഞ്ച്.
ചാലിയാര്‍
അതു മോന്തി
അര്‍ബുദം
ചീറ്റി.
മലിനത്തില്‍
സ്ഖലനത്തില്‍
മരണത്തെ
പുല്‍കി.
=====

2011, ഏപ്രിൽ 17, ഞായറാഴ്‌ച

പരിചയപ്പെടുത്തല്‍

          ഞാനും ബ്‌ളോഗറാവാന്‍ തീരുമാനിച്ചു.
             ബ്‌ളോഗിംഗ് പഠിച്ചതിതു ശേഷം കവിതകളും മറ്റും പോസ്റ്റ് ചെയ്യാം.