2011, സെപ്റ്റംബർ 19, തിങ്കളാഴ്‌ച

വയല്‍

'കവിതാ സംഗമം' മാസികയില്‍ പ്രസിദ്ധീകരിച്ചത്


കാണായ വയലെല്ലാം
കാടായിരുന്നു പോല്‍
കടുവയും കരടിയും
മേഞ്ഞിരുന്നൂ......
    അട്ട, കാട്ടാനയും
    അണ്ണാനും ആമയും
    അരുമായ് ഒരുമയില്‍
    മേഞ്ഞിരുന്നൂ.......
എന്റെ പിതാക്കന്മാര്‍
പുണ്യ പിതാക്കന്മാര്‍
കൂലിയില്ലാ കാലം
കൂറുമില്ലാ കാലം
കൂച്ചുവിലങ്ങിലും
ചാട്ടവാറടിയേറ്റ്
കൂടിക്കിളച്ചതാ-
ണീ വയല്‍ നെല്‍വയല്‍
    ആ
    കൂറ്റന്‍ ചിറകളും
    കൂടും കുളങ്ങളും-കോള്‍വയല്‍ കോല്‍ക്കിണര്‍
    കോള്‍മയിര്‍ കൊള്ളിക്കും
    കൊത്തളങ്ങള്‍
    കൂടിക്കിളച്ചതാ-
    ണീക്കളങ്ങള്‍

കാണായ വയലെല്ലാം
മണ്ണു നികത്തുന്നു
കല്ലു നിരത്തുന്നു കശ്മലന്മാര്‍
കന്മതില്‍ കെട്ടുന്നു
കന്മാടം തീര്‍ക്കുന്നു
കാശുകാര്‍,വാശിക്കാര്‍,കൗശലക്കാര്‍
    ഈ
    മണ്ണിന്റെ മക്കളെ
    മജ്ജയും മാംസവും
    ചിന്തിയ ചോരയും
    ചീയിച്ചു ചാലിച്ച
    ചേറാണീപ്പാടത്തെ
    ചേരുവകള്‍.....
"ചേതമുള്ളാരുണ്ടീ
ചേറു കാക്കാന്‍
ഈ ചേറിന്റെ
മക്കളെ ചോറു കാക്കാന്‍"
 

    നാളെയീ വയലെല്ലാം
    കരയാക്കി കടയാക്കി
    തെരുവായിത്തീരുമ്പോള്‍
    കലിയാലീ കരയെല്ലാം
    കടല്‍ മുക്കും പോല്‍
    മലയാളക്കരയാകെത്തിരയാലെ
    കടല്‍ നക്കും പോല്‍
    മലയാളക്കരയാകെ
    കളിപോലെ കടല്‍ നക്കും പോല്‍......

അന്ന്
വരുമെന്‍ പിതാക്കന്മാര്‍
മഴുവെറിയാന്‍
മഴുവാലെ മലയാള
ക്കരയുണ്ടാക്കാന്‍
വീണ്ടും
വരുമെന്‍ പിതാക്കന്മാര്‍
മണ്ണു മാന്താന്‍
മണ്ണില്‍ പുളയുവാന്‍
പുതയുവാന്‍
വിളവിറക്കാന്‍
വീണ്ടും വരുമെന്‍ പിതാക്കന്മാര്‍
മണ്ണുമാന്താന്‍ മണ്ണില്‍ പുളയുവാന്‍

പുതയുവാന്‍
വിളവെടുക്കാന്‍
              ........



8 അഭിപ്രായങ്ങൾ:

  1. ചേതമുണ്ടീ ചേറു പാന്റിൽ പുരട്ടാൻ,
    ചോദിക്കുന്നതേകാൻ ത്രാണിയില്ലത്തോർ
    ചാലുകീറി കൃഷി ചെയ്തിടേണ്ടതില്ല,
    ചാണ്ടി കുത്തും ഞാനുണ്ണും രണ്ടു രൂപയാലേ

    മറുപടിഇല്ലാതാക്കൂ
  2. മലയാളക്കരയാകെ
    കളിപോലെ കടല്‍ നക്കും പോല്‍...

    മറുപടിഇല്ലാതാക്കൂ
  3. ദുരവസ്ഥ- അല്ലാതെന്തു പറയാന്‍ .
    visit me at http://surumah.blogspot.com

    മറുപടിഇല്ലാതാക്കൂ
  4. അഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി!

    മറുപടിഇല്ലാതാക്കൂ
  5. മനുഷ്യാദ്ധ്വാനം കൊണ്ട് സമൃദ്ധമായ ഇന്നലെകള്‍ നഷ്ടപ്പെട്ട് പോവുകയാണ് ..ഇന്നിന്റെ മനുഷ്യന്‍ യന്ത്രങ്ങളായി മാറിക്കഴിഞ്ഞു ...നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ